തിരുവനന്തപുരം: കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഏഴാം ഘട്ടത്തിനും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും ബുധനാഴ്ച തുടക്കമാകും. ജനുവരി 23 വരെ 30 പ്രവൃത്തി ദിവസം കൊണ്ട് ഈ യജ്ഞം പൂർത്തീകരിയ്ക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
നാല് മാസത്തിനു മുകളിൽ പ്രായമുള്ള പശു, എരുമ വർഗത്തിൽപ്പെട്ട മുഴുവൻ ഉരുക്കളെയും കുളമ്പുരോഗ കുത്തിവയ്പിന് വിധേയമാക്കും. ചർമ മുഴരോഗ പ്രതിരോധ കുത്തിവയ്പ്പ് നാല് മാസത്തിനു മുകളിൽ പ്രായമുള്ള പശു വർഗത്തിൽപ്പെട്ട ഉരുക്കൾക്കു മാത്രമാണ് നൽകുന്നത്.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ടീമുകൾ കർഷകരുടെ വീട്ടുപടിക്കൽ എത്തി തികച്ചും സൗജന്യമായാണ് ഉരുക്കൾക്കു പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നത്. ഇതിനായി സംസ്ഥാനമൊട്ടാകെ 1916 സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.